കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ; വി.എന്‍ വാസവന്‍

കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എന്‍ വാസവന്‍. മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഐഎം മുഖ്യമന്ത്രിക്ക് കവചം തീര്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നടയറയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സദസ്സ് നടക്കുന്ന വേദിക്കു അഞ്ഞൂറ് മീറ്റര്‍ അകലെയാണ് കരിങ്കൊടി കാണിച്ചത്.നേരത്തേ, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പിങ്ക് പൊലീസ് വാഹനം അടിച്ചു തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോണ്‍മെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്‌ഐആര്‍ ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേര്‍ത്ത് പിഡിപിപി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

അതേസമയം, നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ്സ് – DYFI പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായി. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ചു. തിരിച്ചും ആക്രമണം ഉണ്ടായി. പൊലീസ് എത്തി നിയന്ത്രിച്ചിട്ടും ഇരു വിഭാഗവും അടി തുടര്‍ന്നു. ഏറെ ശ്രമിച്ചിട്ടാണ് പൊലീസ് ഇവരെ പിരിച്ചു വിട്ടത്. പൊലീസിന് മുന്‍പിലാണ് യൂത്ത്‌കോണ്‍ഗ്രസ്സ് – DYFI പ്രവര്‍ത്തകര്‍ പരസ്പരം കൊലവിളി നടത്തിയത്. ഒടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കല്ലമ്പലത്ത് വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിലും വാക്കേറ്റമുണ്ടായി.

Top