സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം ബേക്കല്‍ ജലപാതയില്‍ പാര്‍വതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം കാരോട് ദേശീയപാതയിലെ സര്‍വീസ് റോഡില്‍നിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

റിമോട്ട് കണ്‍ട്രോളര്‍കൊണ്ട് പാലം പ്രവര്‍ത്തിപ്പിക്കാനാകും. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവര്‍ത്തിക്കും. 100 ടണ്ണാണ് പാലത്തിന്റെ പരമാവധി ഭാരശേഷി. പാലത്തിന്റെ ട്രയല്‍ റണ്‍ അടുത്ത ആഴ്ച നടത്താനാണ് അധികൃതരുടെ തീരുമാനം. കരിക്കകം ക്ഷേത്രത്തിലേക്ക് എത്താന്‍ മുന്‍പുണ്ടായിരുന്ന പാലം പൊളിച്ചുമാറ്റിയാണ് ലിഫ്റ്റ് പാലം നിര്‍മിക്കുന്നത്.

18.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കോവളം ബേക്കല്‍ ജലപാതയില്‍ സ്ഥാപിക്കുന്ന മൂന്നു ലിഫ്റ്റ് പാലങ്ങളില്‍ ആദ്യത്തേതാണ് കരിക്കകത്ത് നിര്‍മാണം പൂര്‍ത്തിയായത്. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചു റോഡ് നിരപ്പില്‍നിന്ന് അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്താനാകുമെന്നതാണ് ലിഫ്റ്റ് പാലത്തിന്റെ പ്രത്യേകത.

ഇവിടം ജലപാതയായതിനാലാണ് ലിഫ്റ്റ് പാലം നിര്‍മിച്ചത്. ജലപാത പൂര്‍ത്തിയാകുമ്പോള്‍ ജലവാഹനങ്ങള്‍ക്ക് തടസം ഉണ്ടാകാതിരിക്കാനാണ് ലിഫ്റ്റ് പാലം രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും. മൂന്നര കോടി രൂപ ചെലവഴിച്ചാണ് ലിഫ്റ്റ് പാലത്തിന്റെ നിര്‍മാണം നടത്തിയത്.വാഹനങ്ങള്‍ക്ക് കടന്നുപോകാനാകുന്ന ലിഫ്റ്റ് പാലം സ്റ്റില്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

Top