തൊടുപുഴ എംഎല്‍എ പിജെ ജോസഫിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തൊടുപുഴ: തൊടുപുഴ എംഎല്‍എ പിജെ ജോസഫിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന് അധ്യക്ഷത വഹിക്കേണ്ട എംഎല്‍എ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് അവര്‍ ബഹിഷ്‌കരിച്ചതെന്ന് അറിയില്ല. നേരത്തെ ഒരു പരിപാടിക്ക് ഇവിടെ വന്നപ്പോഴും എംഎല്‍എ ഉണ്ടായിരുന്നില്ല. അതും ഒരു ബഹിഷ്‌കരണമായിരുന്നു എന്ന് പിന്നീട് മനസിലായെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

രാജ്യത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടിയ നിരവധി സംഭവങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വസ്ത്രത്തിന്റെയും, ഭക്ഷണത്തിന്റെയും പേരില്‍ ഉള്‍പ്പടെ ആക്രമണം ഉണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന് അതാണ് ഇല്ലാതെ പോയത്. ഗോ മാതാവിന്റെ പേരില്‍ ലഹള നടന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഗോ മാതാവിന്റെ പവിത്രത പറഞ്ഞു.
മോദി അയോധ്യയില്‍ പൂജ നടത്തിയപ്പോള്‍ കമല്‍നാഥ് വീട്ടില്‍ പൂജ നടത്തി. വര്‍ഗീയതയുമായി സമരസപ്പെട്ട് പോകുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് ചില ഘട്ടങ്ങളില്‍ പൂര്‍ണ നിശബ്ദത പാലിക്കുന്നു. ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല രാജ്യത്ത് പൗരത്വം കിട്ടിയത്. പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല എന്ന് ഇടതുപക്ഷം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊടുപുഴ മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ ഒന്‍പതാമത്തെ ജില്ലയിലെ പരിപാടിയിലും വലിയ പങ്കാളിത്തമാണ്. കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതുന്നതാണ് ഈ പങ്കാളിത്തം. ജനങ്ങള്‍ പതിനായിരങ്ങളായി ഒഴുകിയെത്തുന്നു. നല്ല ഒരുമയോടെയും ഐക്യത്തോടെയുമുള്ള ജനങ്ങളുള്ള നാടിന്റെ പുരോഗതി ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top