ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്ത് വെച്ചുകൊടുത്തിട്ടുണ്ടോ: മുഖ്യമന്ത്രി

മഞ്ചേശ്വരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ കപടഹിന്ദുവാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം അല്‍പത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരെങ്കിലും ചെന്നിത്തലയുടെ കക്ഷത്ത് വെച്ചുകൊടുത്തിട്ടുണ്ടോ? ശങ്കര്‍ റെയെ പോലെ ഒരാള്‍ കപടഹിന്ദുവാണെന്ന് പറയാനുള്ള അല്‍പത്തരം ചെന്നിത്തലയ്ക്ക് എങ്ങനെയാണ് വന്നത്? ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസിയായതാണ് ചിലരുടെ പ്രശ്‌നം. ഈ പരിപാടിയില്‍ എത്തിയ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. എന്തിനാണ് ഇവര്‍ക്ക് വേവലാതിയെന്നും പിണറായി ചോദിച്ചു.

വീട്ടില്‍ ടിവിയില്‍ വാര്‍ത്ത കാണാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു കേരളത്തില്‍. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വര്‍ഷം നടപ്പാക്കുന്നത്. ബേക്കല്‍ കോവളം 600 കിലോമീറ്റര്‍ ജലപാത അടുത്ത വര്‍ഷം പൂര്‍ത്തിയാകും, ഇത് വരുന്നതോടെ നാടിന്റെ മുഖച്ഛായ മാറും.

റെയില്‍ യാത്രാദുരിതം ശാപമായി നില്‍ക്കുകയാണ് കേരളത്തില്‍. സെമി ഹൈ സ്പീഡ് റെയില്‍വേ ലൈന്‍ വരുന്നതോടെ നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നു തിരുവനന്തപുരം എത്തുമെന്നും എല്ലാ കാര്യങ്ങളും ധ്രുതഗതിയില്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top