തിരുവനന്തപുരം: ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ.യ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ.യ്ക്ക് അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിനുമാത്രമേ കൂടുതല്‍ മികവു കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപിച്ചു. ചാന്ദ്രയാന്‍ പേടകം ഒന്നാം ഭ്രമണ പദത്തിലെത്തി. ആഹ്‌ളാദം പങ്കുവച്ച് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. ഏറെ അഭിമാനമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ചന്ദ്രയാന്‍- 3 വഹിച്ചുകൊണ്ട് എല്‍വിഎം3- എം4 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റര്‍ പൊക്കവും 4 മീറ്റര്‍ വിസ്തീര്‍ണവുമുള്ള എല്‍വിഎം3- എം4 റോക്കറ്റ്. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇനി അടുത്തമാസം 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാന്‍ 3 സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പാണ്. ദൗത്യം വിജയം കാണുന്നതോടെ ചന്ദ്രനില്‍ സുരക്ഷിതമായി ഒരു പേടകം ലാന്‍ഡ് ചെയ്യിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.