ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: പലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിപിഎം റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിനെയും ബിജെപിയെയും ഒപ്പം മുന്‍ യുപിഎ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എല്ലാവരും ഒരേ മനോഭാവത്തിലാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയാര്‍ന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീന്‍ നിലപാടിന് ഒപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ നയം ഏറെക്കാലം നമ്മള്‍ തുടര്‍ന്ന് വന്നു. പാലസ്തീനെ മാത്രമേ നമ്മള്‍ അംഗീകരിച്ചുള്ളൂ.

ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലക്ക് നമ്മള്‍ കണ്ടിരുന്നില്ല. നെഹ്റുവാണ് ആ നിലപാടിന് തുടക്കം കുറിച്ചത്. ഇസ്രായേലുമായി ഇന്ത്യ ബന്ധം പുലര്‍ത്തിയില്ല. അന്നും ഇന്നും ഇസ്രായേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പാണ് നമ്മളുടെ നയത്തില്‍ വെള്ളം ചേര്‍ത്തത്. നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെടുകയായിരുന്നു ഇന്ത്യ.

യു പി എ ഭരിക്കുമ്പോള്‍ ഇടതുപക്ഷത്തിനു നല്‍കിയ ഉറപ്പ് പാലിക്കാതെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യത്തിന് പുറകെ പോയി. അന്നത്തെ നയവും ഇപ്പോളത്തെ ബിജെപി നയവും തമ്മില്‍ എന്താണ് വ്യത്യാസമുള്ളത്? അമേരിക്കന്‍ കൂട്ടുകെട്ട് ശരിയല്ലെന്ന് അന്ന് തന്നെ ഇടതുപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അവരുടെ സഖ്യകക്ഷിയാവുകയായിരുന്നു യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.

അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റി. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാര്‍ട്ടിയുടെ സ്വരം കേരളത്തില്‍ തന്നെ വ്യത്യസ്തമായി കേള്‍ക്കുന്നുവെന്ന് കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. കോഴിക്കോട് തന്നെ നടന്ന പരിപാടിയില്‍ വ്യത്യസ്ത ശബ്ദം കേട്ടുവെന്നും അത് പ്രത്യയശാസ്ത്രപരമായതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെറ്റായ രീതി രാജ്യത്ത് ചിലര്‍ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെയടക്കം തിരുത്തുന്നതിന് ഇത് പോലെയുള്ള പരിപാടികള്‍ക്ക് സാധിക്കണം.

രാജ്യത്തെ ജനങ്ങള്‍ പലസ്തീനൊപ്പമാണ്. ചിലര്‍ അത്തരം നിലപാടല്ല എടുക്കുന്നത്. ഇത്തരം ഐക്യദാര്‍ഢ്യ പരിപാടികള്‍ അവരെ തിരുത്താന്‍ കൂടി ഉപകരിക്കും. ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പില്‍ നിന്ന് രാജ്യം വിട്ടു നിന്നതിലൂടെ ലോകത്തിന് മുന്നില്‍ രാജ്യം അപമാനിതമായി. കൃത്യമായ സയോണിസ്റ്റ് പക്ഷപാതമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top