വാർത്താസമ്മേളനങ്ങൾ നടത്തുന്നില്ലെന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : വാർത്താസമ്മേളനങ്ങൾ നടത്തുന്നില്ലെന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ?. എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും. അതിനിയും കാണും. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. നിങ്ങൾ മാധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. എനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്നമില്ല. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ?’- മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച വാർത്തകൾ മുഖ്യമന്ത്രി തള്ളി. എൽഡിഎഫിൽ പുനഃസംഘടന ചർച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിൽ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി ഗണേഷ്കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും. ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുമുണ്ട്. സിപിഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിലും മാറ്റമുണ്ടായേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും പരിഗണനയിലുണ്ട്.

Top