‘ഞാനൊരിക്കലും സിപിഎമ്മിനോടു പൊറുക്കില്ല,കോണ്‍ഗ്രസ് സിപിഎം സഖ്യം തുണയാവുക ബിജെപിക്ക്’: മമത

കൊല്‍ക്കത്ത: കോണ്‍ഗ്രസിനെയും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. സിപിഎമ്മുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യം ബിജെപിയെ ശക്തിപ്പെടുത്തുമെന്നു മമത പറഞ്ഞു. ഇതോടെ ബംഗാളില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ സാധ്യതകള്‍ക്കു മങ്ങലേറ്റു.

”ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ല. എന്നിട്ടും അവര്‍ക്കു രണ്ടു ലോക്‌സഭാ സീറ്റ് ഞാന്‍ വാഗ്ദാനം ചെയ്തു. പക്ഷേ അവര്‍ക്കു കൂടുതല്‍ വേണമായിരുന്നു. നിങ്ങളുമായി ഒറ്റ സീറ്റുപോലും പങ്കിടാനില്ലെന്നു പറഞ്ഞു. സിപിഎം ആണ് അവരുടെ നേതാവ്. സിപിഎമ്മിന്റെ പീഡനങ്ങള്‍ അവര്‍ മറന്നോ? ഞാനൊരിക്കലും സിപിഎമ്മിനോടു പൊറുക്കില്ല. സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരോടും അതേ സമീപനമാണ്. അവരെ പിന്തുണയ്ക്കുന്നതു ഫലത്തില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതു പോലെയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അതു കണ്ടിരുന്നു” മമത പറഞ്ഞു.

തൃണമൂലിനു മാത്രമെ സംസ്ഥാനത്തു ബിജെപിക്കെതിരെ പോരാടാനുള്ള ശേഷിയുള്ളൂവെന്നും മമത വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്ക്കുള്ള സാധ്യത കഴിഞ്ഞദിവസമാണു മമത തള്ളിയത്. സീറ്റ് പങ്കിടല്‍ സംബന്ധിച്ച തൃണമൂലിന്റെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയതായും 42 മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്നും മമത പറഞ്ഞു.

ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 2 സീറ്റാണു കോണ്‍ഗ്രസിനു തൃണമൂല്‍ വാഗ്ദാനം ചെയ്തിരുന്നത്. നിലവില്‍ സംസ്ഥാനത്തു കോണ്‍ഗ്രസിന് 2 എംപിമാരുണ്ട്. ചുരുങ്ങിയത് 6 സീറ്റുകള്‍ വേണമെന്നാണു കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. പ്രതിപക്ഷ നിരയിലെ കരുത്തുറ്റ നേതാക്കളിലൊരാളായ മമത ഇടയുന്നത് ഇന്ത്യ മുന്നണിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ പ്രശ്‌നം വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. പിസിസി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംസ്ഥാന ഘടകം തൃണമൂലുമായി സഹകരിക്കുന്നതിന് എതിരാണ്.

Top