അനന്തരവന്‍ ഉള്‍പ്പെട്ട ദേശീയ വര്‍ക്കിംഗ് കമ്മിറ്റി പിരിച്ചുവിട്ട് ബംഗാള്‍ മുഖ്യമന്ത്രി

കൊല്‍ക്കത്ത: അനന്തരവന്‍ അഭിഷേക് ബാനര്‍ജി ഉള്‍പ്പെട്ട ദേശീയ വര്‍ക്കിംഗ് കമ്മിറ്റി പിരിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.

പിന്നാലെ പാര്‍ട്ടിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി 20 അംഗ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയും പ്രഖ്യാപിച്ചു. 2017 ല്‍ രൂപീകരിച്ച ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. മമതയും അനന്തരവനും തമ്മിലുളള തര്‍ക്കം ലഘൂകരിക്കാനാണ് പുതിയ നീക്കം.

പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളെ മമത ബാനര്‍ജി പിന്നീട് പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചു. മമതയുടെ വീട്ടില്‍ മുതിര്‍ന്ന അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ പ്രതികരണം.

2021 ജൂണിലാണ് അഭിഷേകിനെ ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മുന്‍ പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടതിനൊപ്പം അദ്ദേഹത്തിന്റെ സ്ഥാനവും ഇല്ലാതായിരുന്നു.

അമിത് മിത്ര, പാര്‍ത്ഥ ചാറ്റര്‍ജി, അഭിഷേക് ബാനര്‍ജി, അനുബ്രത മൊണ്ടോള്‍, അരൂപ് ബിശ്വാസ്, സുബ്രത ബക്ഷി, ഫിര്‍ഹാദ് ഹക്കിം, സുദീപ് ബന്ദോപാധ്യായ, യശ്വന്ത് സിന്‍ഹ എന്നിവരാണ് പുതിയ ദേശീയ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടിഎംസി എംപിമാരായ ഡെറക് ഒബ്രെയാനും സൗഗത റോയിയും ശനിയാഴ്ച പുറത്തിറക്കിയ പുതിയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരാണ്.

Top