ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമെന്ന് മുഖ്യമന്ത്രി;അടിയന്തരയോഗം വിളിച്ചു

pinarayi

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച ഉച്ചയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുന്നറിയിപ്പ് ലഭിച്ചയുടനെ നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമായതാണ് തിരിച്ചടിയായത്. സ്ഥിതിഗതികള്‍ നേരിടാന്‍ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തങ്ങളുടെ ബോട്ടില്ലാതെ കരയിലേക്ക് വരാന്‍ തയ്യാറല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. മുന്നറിയിപ്പ് ലഭിച്ചയുടന്‍ നടപടികള്‍ ആരംഭിച്ചു. ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. 13 ക്യാമ്പുകളും തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തരസെക്രട്ടറിയോടും യോഗത്തിനെത്താന്‍ നിര്‍ദേശം നല്‍കി.

അതേസമയം രക്ഷാപ്രവര്‍ത്തനങ്ങളിലെ പാളിച്ച അതീവഗുരുതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൂന്തുറയില്‍ പ്രതിഷേധിക്കുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്‍ട്രോള്‍ റൂം തുടങ്ങാനും അതാത് സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ അറിയിക്കാനും നടപടി വേണം. ഇതിനായി മുഖ്യമന്ത്രിയെ നേരില്‍ക്കാണും. വീഴ്ചകള്‍ക്ക് ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താന്‍ തുനിയുന്നില്ലെന്നും വിലപ്പെട്ട ജീവനുകള്‍ രക്ഷപെടുത്താനാണ് മുന്‍ഗണനനല്‍കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതിനിടെ ഓഖി ചുഴലിക്കാറ്റെത്തുന്നത് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.

ഓഖിയുടെ വരവ് ഒരാഴ്ച മുന്‍പേ അറിഞ്ഞിട്ടും ജില്ലാ ഭരണകൂടങ്ങളേയും മല്‍സ്യത്തൊഴിലാളികളെയും അറിയിച്ചില്ല. രാവിലെ പതിനൊന്നോടെയാണ് റവന്യുമന്ത്രിയെ പോലും വിവരമറിയിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് ഉച്ചയ്ക്ക് 12 മണിക്കുമെന്നാണ് ആക്ഷേപം.

Top