ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൊവിഡ് കേസുകളുടെ എണ്ണം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നിലവിലുള്ള അവസ്ഥ വച്ചുകൊണ്ടുള്ള സൂചനയാണ്. അവര്‍ കാണുന്ന രീതിയിലുള്ള സംഖ്യ കുറയുകയോ കൂടുകയോ ചെയ്യാം.

നാം ശ്രദ്ധിക്കേണ്ടത് നിലവിലുള്ള ശ്രദ്ധ പാളിയാല്‍ ഈ സംഖ്യ കൂടുതല്‍ വലുതാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. പൂര്‍ണമായ പിന്തുണ ഇക്കാര്യങ്ങളില്‍ എല്ലാവരും നല്‍കണം. ഓരോ ആളും ഇതുമായി സഹകരിക്കാന്‍ പ്രത്യേകമായി തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്നും എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് അവിടെതന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും. ഇതൊരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റിബോഡികളാണ് ടെസ്റ്റ് ചെയ്യുന്നത്. ഐജിഎം, ഐജിജി ആന്റിബോഡികള്‍ കണ്ടെത്തുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റുകള്‍ കൂടി നടത്തും.

Top