മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു നിയമസഭയില്‍ വിശ്വാസവോട്ട് തേടും.

ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരുമെന്ന് കാബിനറ്റ് കോഓര്‍ഡിനേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മല്‍ഹോത്ര അറിയിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും പങ്കെടുത്ത ഹ്രസ്വമായ കാബിനറ്റ് യോഗത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്.

മുന്‍ മന്ത്രിസഭ ഈമാസം 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഷകാല സമ്മേളനം റദ്ദാക്കാനും തീരുമാനിച്ചു. ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നു രണ്ടുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ജനതാദള്‍ (യു)വിന്റെ 71 അംഗങ്ങളുള്‍പ്പെടെ 132 എംഎല്‍എമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബിജെപിയുടെ 53 എംഎല്‍എമാരും ആര്‍എല്‍എസ്പിയുടെയും എല്‍ജെപിയുടെയും രണ്ടുപേരും എച്ച്എഎമ്മിന്റെ ഒരാളും നിതീഷിനെ പിന്തുണയ്ക്കുമെന്നു കരുതുന്നു. മൂന്ന് സ്വതതന്ത്രരും നിതീഷ് കുമാറിനൊപ്പമാണ്.

അതേസമയം, മുതിര്‍ന്ന നേതാവ് ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം നേതാക്കള്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. നിതീഷിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്നു സൂചനയുണ്ട്.

Top