ചെന്നൈയിലെ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു

ചെന്നൈ: വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയിലാണ് ചെന്നൈ. എന്നാല്‍ നഗരത്തില്‍ കഴിഞ്ഞ 30 മണിക്കൂര്‍ ആശങ്കയായി പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്.

മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേരാണ് മരിച്ചത്. വൈദ്യുതിബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടമൊഴിവാക്കുന്നതിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിര്‍ത്തിവെച്ചിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും തടസപ്പെട്ടു. ദുരിത മേഖലയിലുള്ളവര്‍ക്ക് സഹായമെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ വടക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആന്ധ്രാപ്രദേശിലെ ഡിവിസീമയ്ക്കും ബപട്ലയ്ക്കുമിടയിലാവും മിഷോങ് ചുഴലിക്കാറ്റ് കരതൊടുക. കരയിലെത്തുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെയായി വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ആന്ധ്രയിലെ സൂളൂര്‍പെട്ടിയില്‍ പുഴ കരകവിഞ്ഞു. ഇതോടെ ചെന്നൈ-ഹൈദരാബാദ് ദേശീയപാതയില്‍ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. ബപട്ലയില്‍ കടല്‍ പ്രക്ഷുബ്ധമാണ്. എന്‍ടിആറില്‍ യ്കൂളുകള്‍ക്ക് അവധി നല്‍കി. 63 ഗ്രാമങ്ങളില്‍ നിന്നായി 11,876 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. തീരദേശ മേഖലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Top