ആരെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്പ തരുമ്പോള്‍ ഒരു വെള്ളാനയെ ചുമക്കുന്നതെന്തിന്!

മുംബൈ: കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ നിന്ന് ആഗോള നിക്ഷേപകരെ അകറ്റുന്നു. ആരെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഒരു വെള്ളാനയെ ചുമക്കേണ്ട കാര്യമെന്താണ്. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ നിര്‍ദ്ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വെള്ളാനയെന്ന് വിളിച്ച് വിമര്‍ശിച്ച് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ശിവസേന മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സഞ്ജയ് റാവത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെ വിമര്‍ശിച്ചത്.

രാജ്യത്ത് വിഭവങ്ങള്‍ പരിമിതമാണ്. അതിനാല്‍ അവ ശ്രദ്ധയോടെ ഉപയോഗിക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണം. ആരെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നു എന്നതിന്റെ പേരില്‍ ഒരു വെള്ളാനയെ നാം ചുമക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചിലരുടെ സ്വപ്നമാകാം.

കേന്ദ്രത്തിന്റെ നയങ്ങളില്‍ സ്ഥിരതയില്ലാത്തത് നിക്ഷേപകരെ അകറ്റുന്നു. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം അടിമുടി അനിശ്ചിതത്വമാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. മുംബൈയിലെ റെസ്റ്റോറന്റുകളും മാളുകളും 24 മണിക്കൂറും തുറന്നിരിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ ഒഴിവുസമയം ചിലവഴിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയാണ് ചെയ്യുന്നതെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.

Top