മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശം; സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:മുഖ്യമന്ത്രിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ സുധാകരനെ പിന്തുണച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ചെത്തുകാരന്റെ മകന്‍ എന്ന പരാമര്‍ശം ജാതീയ അധിക്ഷേപമായി ബി.ജെ.പി കണക്കാക്കുന്നില്ലെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.

ചെത്തുകാരന്‍ അത്ര മോശം തൊഴിലല്ല. ചെത്തുകാരന്റെ മകന്‍ എന്നത് ദുരഭിമാനമായി കരുതേണ്ട കാര്യമില്ല. ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിലൊന്നും ഇവിടെയില്ല. ആശാരിപണി എടുക്കുന്നവരൊക്കെ ആശാരിമാരാണോ? സ്വര്‍ണപ്പണി എടുക്കുന്നവരൊക്കെ തട്ടാന്‍മാരാണോ? നല്ല ഒന്നാന്തരം നായരും ഈഴവരും നമ്പൂതിരിമാരുമടക്കം ഇവിടെ സ്വര്‍ണപ്പണിയെടുക്കുന്നുണ്ട്. ചെത്തുകാര്‍ എല്ലാ ജാതിയിലുമുണ്ട്. മുസ്ലിങ്ങളിലില്ലേ? ക്രിസ്ത്യാനികളിലില്ലേ? വിജയന്‍ എത്രപേരെ അധിക്ഷേപിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ചെത്തുകാരന്‍ എന്ന് പറയുമ്പോള്‍ ഒരു ദുരഭിമാനം വരേണ്ട കാര്യമില്ല. എന്നെ ഒരാള്‍ ഇന്ന ജാതിക്കാരന്‍ ആണെന്ന് വിളിച്ചാല്‍ അത് ആക്ഷേപമാണെന്ന് ഞാന്‍ കരുതില്ല. സുധാകരനെ അടിച്ച് പുറത്താക്കാന്‍ കുറെ പേര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് ഒരു ആയുധം കിട്ടി. അത്രയേ ഉള്ളു എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

സുധാകരന്റെ ഭാഗത്ത് നിന്ന അത്തരമൊരു പാരമര്‍ശം വരാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ചെന്നിത്തല ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സുധാകരന്‍ പറഞ്ഞതില്‍ ജാതിയധിക്ഷേപമില്ലെന്നും അതില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായമില്ലെന്നുമായിരുന്നു ചെന്നിത്തല തിരുത്തിയത്.

 

Top