മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശം ന്യായീകരിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടത്തിയ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് കെ സുധാകരന്‍. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. പറഞ്ഞതില്‍ എന്ത് മര്യാദ ലംഘനമാണുള്ളത്? ചെത്ത് തൊഴിലാളി എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? തൊഴിലാളി നേതാവിന്റെ ഇപ്പോഴത്തെ സാഹചര്യമാണ് ചൂണ്ടിക്കാട്ടിയത്.

പരാമര്‍ശങ്ങളില്‍ ആരും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടില്ല. സിപിഐഎമ്മിന് ഇല്ലാത്ത വിഷമം ഷാനിമോള്‍ ഉസ്മാന് എന്തിനാണ്? മാപ്പ് പറയണമെന്ന് ഷാനിമോള്‍ പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? പാര്‍ട്ടിയ്ക്കകത്ത് പാര്‍ട്ടി നേതാക്കന്മാരെ വിമര്‍ശിക്കുന്ന നയം ശരിയാണോ? നിലപാട് അറിയിക്കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

ചെത്തുകാരന്റെ വീട്ടില്‍ നിന്ന് എങ്ങനെ ഈ നിലയിലെത്തി?, ചെത്തുകാരന്റെ വീട്ടില്‍ നിന്നുയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എന്നീ അധിക്ഷേപ വാക്കുകളാണ് സുധാകരന്‍ ഉപയോഗിച്ചിരുന്നത്. കോണ്‍ഗ്രസുകാര്‍ സുധാകരന്റെ വാക്കുകള്‍ക്ക് കയ്യടിച്ചു പ്രോത്സാഹനവും നല്‍കിയിരുന്നു.

 

Top