മുഖ്യമന്ത്രി ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റന്‍; എ.എന്‍ രാധാകൃഷ്ണന്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു എന്ന ആരോപണവുമായി ബിജെപി നേതാക്കള്‍. ബിജെപിയെ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനാകുകയാണ് മുഖ്യമന്ത്രിയെന്ന് എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. അതിനെ ശക്തമായി നേരിടും. വാദിയെ പ്രതിയാക്കാനാണ് കൊടകരയില്‍ സര്‍ക്കാരും അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വിടാത്തതെന്താണെന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പ്രതി മാര്‍ട്ടിന്‍ സിപിഐ പ്രവര്‍ത്തകനാണ്. മാര്‍ട്ടിന്റെ രേഖകള്‍ പരിശോധിച്ചാല്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ബിജെപിയെ പൊതുസമൂഹത്തിന് മുന്നില്‍ തേജോവധം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഈ മാസം പത്ത് മുതല്‍ ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം കേരളത്തില്‍ സംഘടിപ്പിക്കും. ഇതെകുറിച്ച് ഇന്ന് തീരുമാനം എടുക്കും. നിയമസഭയില്‍ പോലും പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബിജെപി ഇല്ലാത്ത വേദിയില്‍ ബിജെപിയെ കുറിച്ച് ആക്ഷേപം പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും സായൂജ്യമണിയുകയാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുകയാമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

 

Top