മാധ്യമപ്രവര്‍ത്തകന്റെ മരണം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അകാല യോഗത്തില്‍ നഷ്ടമായത് ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെയാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ.മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. അമിത വേഗതയില്‍ എത്തിയ വാഹനം തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്നാണ് ദൃക്സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മോഴി നല്‍കിയിട്ടുണ്ട്. ശ്രീംറാം മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

2004ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ എം ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006 ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

Top