ക്ഷേമ പെൻഷൻ, കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം കൊണ്ടാണ് ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കുന്നത് എന്ന പ്രചാരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എസ്എപി പദ്ധതി പ്രകാരം 14.9 ലക്ഷം പേര്‍ക്ക് 300 രൂപ മുതല്‍ 500 രൂപ വരെ പെന്‍ഷനായി നല്‍കുന്നുണ്ട്. ആ തുകയൊഴിച്ചാല്‍ ഇവര്‍ക്കു ലഭിക്കേണ്ട 900 മുതല്‍ 1100 വരെയുള്ള സംഖ്യ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ യാതൊരു സഹായവുമില്ലാതെയാണ് 37.5 ലക്ഷം പേര്‍ക്കുള്ള പെന്‍ഷന്‍ സംസ്ഥാന ഗവണ്‍മെന്റ് വിതരണം ചെയ്യുന്നത് എന്നും പിണറായി വിജയൻ പറഞ്ഞു. ഇതാക്കെയാണ് വസ്തുതകളെന്നിരിക്കേ, ജനങ്ങളുടെ കണ്ണിയില്‍ പൊടിയിട്ട് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ വില കുറച്ചു കാണിക്കാനും സര്‍ക്കാരിന് ലഭിക്കാനിടയുള്ള ക്രെഡിറ്റ് കരസ്ഥമാക്കാനുമാണ് പ്രതിപക്ഷസംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top