അര്‍പ്പണ മനോഭാവത്തോടെ പൊലീസ് പ്രവര്‍ത്തിച്ചു; കൊല്ലം കേസില്‍ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പാലക്കാട്: കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. അര്‍പ്പണ മനോഭാവത്തോടെ പൊലീസ് പ്രവര്‍ത്തിച്ചു. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാന്‍ കഴിയണമെന്നില്ലെന്നും ചിലര്‍ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താന്‍ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാല്‍ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അന്വേഷണ മികവില്‍ രാജ്യത്ത് തന്നെ മുന്‍ നിരയിലാണ് സംസ്ഥാന പൊലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളില്‍ പരമാവധി ശിക്ഷ വാങ്ങി കൊടുത്തു. എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകിയതിനെതിരെ പ്രചാരണമുണ്ടായി. ‘കിട്ടിയോ’ എന്ന് ഓരോ ദിവസവും ചോദിച്ചു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെയാണ്. അതോടെ എല്ലാവരും പിന്‍വാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top