ആരാധനാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്നതില്‍ വ്യക്തത നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ബുധനാഴ്ച വരെ ഇപ്പോഴത്തെ നില തുടരുമെന്നും അദ്ദേഹം അറിയിച്ചു.

രോഗവ്യാപന തോത് കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കിലും ഒരാഴ്ചക്ക് ശേഷമേ നിഗമനത്തില്‍ എത്താല്‍ സാധിക്കൂ. അതിനനുസരിച്ച് പിന്നീട് കുറച്ച് കൂടി ഇളവുകള്‍ നല്‍കും. ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടുകയല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. സീരിയല്‍ ഷൂട്ടിംഗ് അടക്കമുള്ള ഇന്‍ഡോര്‍ ഷൂട്ടിംങ്ങുകളിലും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ഒരാഴ്ച കഴിഞ്ഞ് പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Top