തിരുവനന്തപുരത്ത് വലിയ രീതിയില്‍ കൊവിഡ് വ്യാപനം ഉണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ട് പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ കൊവിഡ് ബാധിതനാണെന്ന കാര്യം ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താല്‍ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാള്‍ പോസിറ്റീവാകുന്നത്. കേരളത്തില്‍ ഇത് 36-ല്‍ ഒന്ന് എന്ന അനുപാതത്തിലാണ്. രോഗബാധിതരെ മൊത്തം കണ്ടെത്താനുള്ള സര്‍വൈലന്‍സാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേരെ പരിശോധിച്ചതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ക്ലസ്റ്റര്‍ രൂപപ്പെട്ടത് ആദ്യം ശ്രദ്ധയില്‍പെട്ടത് ഈ മാസം ആദ്യം, അഞ്ചാം തീയതി പൂന്തുറയിലാണ്. ബീമാപ്പള്ളി – പുല്ലുവിള മേഖലകളില്‍ 15-ാം തീയതിയോടെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ഡബ്ല്യുഎച്ച്ഒ മാര്‍ഗരേഖയുടെ മാതൃകയിലാണ് രോഗനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കുളത്തൂര്‍, പരവൂര്‍, കടയ്ക്കാവൂര്‍, കുന്നത്തുകാല്‍, പെരുമാതുറ, പുതുക്കുറിച്ചി എന്നീ തീരമേഖലകളില്‍ തുടര്‍ന്ന് ക്ലസ്റ്ററുകള്‍ വന്നു. പൂന്തുറയിലും പുല്ലുവിളയിലും പ്രവര്‍ത്തനപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി രോഗനിയന്ത്രണപദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തിന് പുറമേ പാറശ്ശാല, കുന്നത്തുകാല്‍, പട്ടം, ബാലരാമപുരം, കാട്ടാക്കട എന്നിവിടങ്ങളിലും രോഗബാധയുണ്ട്. ഈ പ്രദേശങ്ങളിലും അതാത് പ്രദേശത്തിന് അനുസരിച്ചുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.

ഇത് വരെ 39,809 റുട്ടീന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് തിരുവനന്തപുരത്ത് ചെയ്തത്. ഇതിന് പുറമേ സമൂഹവ്യാപനമറിയാന്‍ 6982 സെന്റിനല്‍ സാമ്പിള്‍ ടെസ്റ്റുകളും ചെയ്തു. ഇന്നലെ 789 റുട്ടീന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളും നൂറോളം പൂള്‍ഡ് സെന്റിനല്‍ ടെസ്റ്റുകളുമാണ് ചെയ്തത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഈ മാസം നാല് മുതലാണ് ജില്ലയില്‍ തുടങ്ങിയത്. ഇത് വരെ 24,823 ടെസ്റ്റുകള്‍ ചെയ്തു. 6282 സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചു. പുല്ലുവിള ഉള്‍പ്പടെ കടലോര മേഖലയില്‍ ഇന്ന് 1150 ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു.

Top