മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഇന്ന് കൂടിക്കാഴ്ച നടത്തും

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെ, മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച സച്ചിന്‍ പൈലറ്റ് ജയ്പൂരില്‍ തിരികെ എത്തിയിരുന്നു. ഒരു മാസം നീണ്ട യുദ്ധത്തിന് ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നേരിട്ട് കണ്ട് സംസാരിച്ചപ്പോഴാണ് സച്ചിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമിടയിലെ മഞ്ഞുരുകിയത്.

പക്ഷേ, തിരികെ എത്തിയ സച്ചിന് ഗെലോട്ട് ക്യാമ്പ് നല്‍കുന്നത് അത്ര നല്ല സ്വീകരണമല്ല. സച്ചിന്‍ തിരികെ എത്തിയ ദിവസം ഗെലോട്ട് ജയ്‌സാല്‍മീറിലേക്ക് പോയി. അവിടെയാണ് ഗെലോട്ട് ക്യാമ്പിലെ നൂറിലേറെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ‘സ്വാഭാവികമായും’ അസംതൃപ്തിയുണ്ടെന്നാണ് ഗെലോട്ട് റിസോര്‍ട്ടിലെത്തി എംഎല്‍എമാരോട് പറഞ്ഞത്. ‘മറക്കൂ, പൊറുക്കൂ, ജനാധിപത്യത്തിനായി എന്നാണ് ഗെലോട്ട് സഹഎംഎല്‍എമാരോട് പറഞ്ഞത്.”എംഎല്‍എമാര്‍ക്ക് ഇതില്‍ അസംതൃപ്തിയുണ്ടാകും, എനിക്കറിയാം.

അത് സ്വാഭാവികമാണ്. ഇങ്ങനെയൊരു സംഭവം നടന്നതും, ആ നാടകം ഒരു മാസം വരെ നീണ്ടുനിന്നതും ഒക്കെ ആലോചിച്ചാല്‍ അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അവരോട് രാജ്യത്തെ, സംസ്ഥാനത്തെ, ജനങ്ങളെ, ജനാധിപത്യത്തെ ഒക്കെ ഓര്‍ത്ത് ഇതെല്ലാം സഹിക്കാനാണ് ഞാന്‍ പറഞ്ഞത്”, എംഎല്‍എമാരുടെ യോഗശേഷം പുറത്തിറങ്ങിയ ഗെലോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യോഗശേഷം, ഗെലോട്ട് ടീമിലെ എംഎല്‍എമാരെ ജയ്പൂരിലേക്ക് തിരികെ എത്തിച്ചു. പക്ഷേ, ഇവിടെയും അവര്‍ റിസോര്‍ട്ടില്‍ത്തന്നെയാകും കഴിയുക. വെള്ളിയാഴ്ച നിയമസഭാസമ്മേളനം അവസാനിക്കുന്നത് വരെ അവര്‍ റിസോര്‍ട്ടില്‍ തുടരും.

നാളെ നിയമസഭാസമ്മേളനം തുടങ്ങുമ്പോള്‍ വിശ്വാസവോട്ടെടുപ്പുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലെങ്കിലും, ഗെലോട്ടിന് സ്വന്തം ഭൂരിപക്ഷം തെളിയിക്കണമെന്നുണ്ട് എന്നാണ് ഈ നടപടിയില്‍ നിന്ന് വ്യക്തമാകുന്നതും. ഇന്ന് ജയ്പൂരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിയമസഭാകക്ഷിയോഗങ്ങളും നടക്കുന്നുണ്ട്. നാളെയാണ് രാജസ്ഥാന്‍ നിയമസഭാസമ്മേളനം.

Top