രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടും: അശോക് ഗെലോട്ട്

ജയ്പുര്‍: രാജസ്ഥാനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി അവരുടെ പ്രചാരണങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരത്തിനാണ് ശ്രമിച്ചതെന്ന് ഗെലോട്ട് പറഞ്ഞു. എന്നാല്‍ ജനം അത് നിരാകരിച്ചെന്നും ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല അടിയൊഴുക്കാണ് സംസ്ഥാനത്തുള്ളതെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം ജയ്പുരില്‍ മാധ്യപ്രവര്‍ത്തകരോട് പ്രതികരിച്ചു.

”ജനത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഭാഷയാണ് പ്രചാരണത്തിനായി ബിജെപി ഉപയോഗിച്ചത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ജനം അതെല്ലാം നിരാകരിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ പോവുകയാണ്” -ഗെലോട്ട് പറഞ്ഞു.

നവംബര്‍ 25നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. 200ല്‍ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മരണത്തേത്തുടര്‍ന്ന് ശ്രീഗംഗാനഗറിലെ കരന്‍പുരില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 75.45 ആണ് ഇത്തവണത്തെ പോളിങ് ശതമാനം. 2018ല്‍ ഇത് 74.71 ആയിരുന്നു. 88.13 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയ കുശാല്‍ഘട്ടിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍.

Top