ചീഫ് ജസ്റ്റിസിന് എതിരായ നീക്കത്തിന് പിന്നിൽ വമ്പൻമാരോ ? ഉദ്യേശം എന്ത് ?

ര്‍ക്കും ആരെയും ബ്ലാക്ക് മെയില്‍ ചെയ്യാം എന്ന അവസ്ഥ രാജ്യത്തെ അരാജകത്വത്തിലേക്കാണ് നയിക്കുക. അതുപോലെ തന്നെ നീതി ലഭിക്കേണ്ട കാര്യത്തിലും പക്ഷപാതിത്വം പാടില്ല. അത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായാലും സാധാരണക്കാരനായാലും ഒരേ നിയമമാണ് നടപ്പാക്കേണ്ടത്.

ഒരു സ്ത്രീയെ കൊണ്ടു പരാതി കൊടുപ്പിച്ചാല്‍ ഏത് വമ്പനെയും കുടുക്കാം… ബ്ലാക്ക് മെയില്‍ ചെയ്യാം … വരുതിയിലാക്കാം എന്ന പ്രവണതക്ക് വിരാമമിടേണ്ട സാഹചര്യം അതിക്രമിച്ചു കഴിഞ്ഞു.യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ പോലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനേ ഇത്തരം പരാതികള്‍ കാരണമാകുകയുള്ളൂ.

ഇവിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജൂനിയര്‍ അസിസ്റ്റന്റായ സ്ത്രീ നല്‍കിയ പരാതി രാജ്യത്തെ നീതിപീഠങ്ങളെയാകെ ഞെട്ടിക്കുന്നതാണ്. പൊതുവെ സത്യസന്ധനും മാന്യനുമായി അറിയപ്പെടുന്ന രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആക്കാതിരിക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടന്നിരുന്നു. മുന്‍ ചീഫ് ജസ്റ്റിസിന്റെ നിയമവിരുദ്ധ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

ഈ സാഹചര്യത്തില്‍ ഒരിക്കലും രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ആരോപണത്തെ നിസാരമായി കാണാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് വരുതിയിലാക്കാനുള്ള നീക്കമാണ് നടന്നതെന്ന് അദ്ദേഹം തന്നെ ആരോപിച്ചതിനാല്‍ സംഭവം ഗുരുതരമാണ്.

അടുത്ത ആഴ്ച പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ കേസുകള്‍ തന്റെ പരിഗണനയില്‍ വരുന്നുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തുകയുണ്ടായി. ഇതില്‍ ഒന്ന് രാഹുല്‍ ഗാന്ധിക്കെതിരെയും മറ്റൊന്ന് നരേന്ദ്ര മോദിയുടെ സിനിമയുമായി ബന്ധപ്പെട്ടതുമാണ്. റാഫേല്‍ വിവാദത്തില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് വിളിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബലമേകിയിരുന്നത്.

ഒന്നരമാസം പരാതിക്കാരിയായ സ്ത്രീ തന്റെ ഓഫീസില്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയ ചീഫ് ജസ്റ്റിസ് സ്ത്രീക്കും ഭര്‍ത്താവിനും എതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലായി മൂന്നാമതൊരു കേസും ഈ സ്ത്രീക്കെതിരെ വരികയുണ്ടായി. അവരുടെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി ശനിയാഴ്ച്ച പട്യാലഹൗസ് കോടതി പരിഗണിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉയര്‍ന്നത്. തനിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടാണ് ഈ ആരോപണം ഉയര്‍ത്തി നിശബ്ദനാക്കാന്‍ ശ്രമിക്കുന്നതന്നും രഞ്ജന്‍ ഗൊഗോയ് ആരോപിച്ചു.

നിര്‍ണ്ണായകമായ കേസുകള്‍ പരിഗണിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവര്‍ത്തന രഹിതമാക്കാന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നൂവെന്ന രഞ്ജന്‍ ഗൊഗോയുടെ ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളെ മാത്രമല്ല ഉന്നത ഉദ്യോഗസ്ഥരേയും ഞെട്ടിച്ചിട്ടുണ്ട്.

ശക്തമായ പിന്‍ബലം ഇല്ലാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കാന്‍ ഒരു സ്ത്രീയും ധൈര്യപ്പെടില്ലെന്ന കാര്യം ഉറപ്പാണ്. ആ പിന്‍ബലം ആരുടേതാണ് എന്നതാണ് ഇനി കണ്ടെത്തേണ്ടത്.

രാജ്യത്തെ നിയമമനുസരിച്ച് സ്ത്രീകള്‍ ആര്‍ക്കെതിരെ പരാതി നല്‍കിയാലും 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നതാണ് നിയമം. ഈ നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ് ബാധകമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഇതോടെ അദ്ദേഹത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും രാജിവയ്‌ക്കേണ്ടി വരും. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് തന്നെ വിഷയത്തില്‍ ഇടപെടേണ്ടി വരും.

ഈ അവസ്ഥയാകും പരാതിക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകുക. അസാധാരണമായ സാഹചര്യമാണിത്. ലോകത്തിന് മുന്നിലാണ് രാജ്യം നാണം കെടുന്നത്. ജുഡീഷ്യറിയെ വരുതിയിലാക്കാന്‍ ഉള്ള നീക്കമാണ് നടന്നതെങ്കില്‍ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും കൽ തുറങ്കലിൽ അടക്കുക തന്നെ വേണം.

Team Express Kerala

Top