ചീഫ് ജസ്റ്റിസിന്‍റെ സ്ഥലം മാറ്റം; തമിഴ്നാട്ടില്‍ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും

ചെന്നൈ : മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിലുടനീളം അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ മനുഷ്യചങ്ങല തീര്‍ക്കും.

ഇതേ ആവശ്യവുമായി മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ കൊളീജിയത്തിന് കത്ത് നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നല്‍കിയ നിവേദനവും തള്ളിയിരുന്നു. സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് താഹില്‍ രമണി രാജി വച്ചെങ്കിലും രാജി കത്ത് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. രാജിക്കത്ത് നല്‍കിയ സാഹചര്യത്തില്‍ ഇനി കോടതി നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് താഹില്‍ രമണിയുടെ തീരുമാനം.

വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹില്‍ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൊളീജിയം തീരുമാനിച്ചത്. മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും മാറ്റിയിരുന്നു.

Top