ചീഫ് ജസ്റ്റിസ് വെറും ചീപ്പ് ജസ്റ്റിസ് ആകരുത്, പൗരന്മാര്‍ക്ക് നീതി കൊടുക്കണം; മുഹമ്മദ് റിയാസ്

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നിലപാടുകള്‍ മനുഷ്യത്വരഹിതമെന്ന് ചൂണ്ടികാട്ടി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്. ഭരണഘടന സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള ജനാധിപത്യ സമരങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. എന്നാല്‍ നീതി ചോദിക്കുന്ന പൗരന്‍മാര്‍ക്കു മുമ്പില്‍ ചീഫ് ജസ്റ്റിസ് ‘ചീപ്പ്’ ജസ്റ്റിസ് ആകരുത് എന്നാണ് റിയാസ് പറയുന്നത്. ഫെയ്‌സ് ബുക്കിലൂടെ ആയിരുന്നു റിയാസിന്റെ പ്രതികരണം.

റിയാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

ഭരണഘടന സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള ജനാധിപത്യ സമരങ്ങളെ, പോലീസിനേയും ആര്‍.എസ്. എസ്സിന്റെ സ്വകാര്യ പട്ടാളത്തേയും ഉപയോഗിച്ച് ചോരയില്‍ മുക്കിക്കൊല്ലുന്ന മോദിയുടെ വര്‍ത്തമാനക്കാല ഇന്ത്യയില്‍, നീതി ചോദിക്കുന്ന പൗരന്‍മാര്‍ക്കു മുന്‍പില്‍ ചീഫ് ജസ്റ്റിസ് ‘ചീപ്പ്’ ജസ്റ്റിസ് ആകരുത്.

‘അക്രമസംഭവങ്ങള്‍ അവസാനിച്ച ശേഷം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാം’ എന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെയാണ് റിയാസ് പൊളിച്ചടുക്കിയത്. പൗരത്വ ഭേദഗതി നിയമം ഭരണാഘടനാപരമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് അഡ്വക്കേറ്റ് പുനീത് കൗര്‍ ദാണ്ഡ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദപരാമര്‍ശം.

അതേസമയം രാജ്യം കടന്നുപോകുന്നത് വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ്, നിരവധി പ്രശ്നങ്ങളുണ്ട്, സമാധാനം കൊണ്ടുവരിക എന്നതായിരിക്കണം ഇപ്പോഴത്തെ പ്രധാന ലക്ഷ്യം, ഈ സാഹചര്യത്തില്‍ ഇത്തരം ഹര്‍ജികള്‍ ഒരു തരത്തിലും സഹായിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അറുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഡിസംബര്‍ 18ന് ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നു.

Top