ശബരിമല സ്ത്രീപ്രവേശനം; ഇനി എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്. . .

പത്തനംതിട്ട: യുവതി പ്രവേശന വിഷയത്തില്‍ കേരളത്തിന് നിര്‍ണ്ണായകമാകുന്നത് ഇനിയുള്ള പതിനഞ്ച് പ്രവൃത്തി ദിനങ്ങള്‍. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിലക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയും കോടതിയില്‍.

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പുന പരിശോധന ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു നില്‍ക്കേ മണ്ഡല മകരവിളക്ക് കാലത്ത് പതിനഞ്ച് പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് സുപ്രീംകോടതിയുടെ മുന്നിലുള്ളത്. പുന: പരിശോധന ഹര്‍ജികള്‍ക്ക് പുറമേ ശബരിമല കേസുമായി ബന്ധപ്പെട്ട് മറ്റ് ഏതെങ്കിലും ഹര്‍ജികള്‍ കൂടി പരിഗണനയ്ക്ക് വരുമോയെന്നതും കേരളത്തിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകവുമാണ്.

കഴിഞ്ഞ മാസം 28 ന് ആണ് ശബരിമലയില്‍ യുവതി പ്രവേശനത്തിനുള്ള വിലക്ക് നീക്കി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്. നിലവില്‍ പുന:പരിശോധന ഹര്‍ജികള്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം ഉണ്ട്. ഈ സാഹചര്യത്തില്‍ കീഴ്‌വഴക്കങ്ങള്‍ പ്രകാരം അതിന് ശേഷം മാത്രമേ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് രജിസ്ട്രി കടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചുമതലയേറ്റശേഷം സുപ്രീം കോടതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു പുതിയ മാര്‍ഗ്ഗ രേഖ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ രേഖയിലെ വ്യവസ്ഥകള്‍ എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിയിട്ടില്ല.

എന്നാല്‍ ഈ ആഴ്ച്ച മുതല്‍ പുതിയ വ്യവസ്ഥ അനുസരിച്ച് ആകും കേസുകള്‍ ലിസ്റ്റ് ചെയ്യുക എന്നാണ് സൂചന. പുന:പരിശോധന ഹര്‍ജികള്‍ കൊണ്ടും ശബരിമല കേസ് സുപ്രീംകോടതിയില്‍ അവസാനിക്കാനും സാധ്യതയില്ല. റിട്ട് ഹര്‍ജികള്‍, കോടതി അലക്ഷ്യ ഹര്‍ജികള്‍, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയെല്ലാം കോടതിയുടെ പരിഗണനയിലേക്ക് കടന്നു വരികയും ചെയ്യും. 1965 ലെ കേരള ഹിന്ദു ക്ഷേത്ര പ്രവേശന ചട്ടത്തിലെ 3(എ) പ്രകാരം വകുപ്പ് ചൂണ്ടിക്കാട്ടി അഹിന്ദുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ചൂണ്ടിക്കാട്ടി അഖില ഭാരതീയ അയ്യപ്പ പ്രചാരസഭ റിട്ട് ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള റിട്ട് ഹര്‍ജികള്‍കൂടി കോടതിയുടെ പരിഗണയ്ക്ക് വന്നേക്കും. ഇങ്ങനെ നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ നിലനില്‍ക്കേ ശബരിമലയും നിലയ്ക്കലും പമ്പയും കടന്ന് ഇനിയുള്ള കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം സുപ്രീംകോടതിയിലേക്കാണ്.

Top