മുന്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതി; പിരിച്ചുവിട്ട യുവതിയെ പുനര്‍നിയമിച്ചു

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായുള്ള ലൈംഗീകാരോപണ കേസിലെ പരാതിക്കാരിയെ സുപ്രീം കോടതിയില്‍ പുനര്‍നിയമിച്ചു. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കികൊണ്ടാണ് പുനര്‍ നിയമനം നല്‍കിയത്. അതേസമയം, ജോലി നഷ്ടപ്പെട്ട കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും യുവതിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സുപ്രീം കോടതി മുന്‍ ജീവനക്കാരിയാണ് ഗൊഗോയ്‌ക്കെതിരെ ലൈംഗീകാരോപണവുമായി രംഗത്തെത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് വസതിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് 22 ജഡ്ജിമാര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു.

എന്നാല്‍ ലൈംഗീകാരോപണം ചീഫ് ജസ്റ്റിസ് നിഷേധിക്കുകയാണുണ്ടായിരുന്നത്. തനിക്കെതിരെ വന്‍ ഗൂഡാലോചന നടക്കുന്നതായി രഞ്ജന്‍ ഗൊഗോയ് അന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് പല വഴികള്‍ നോക്കിയിട്ടും താന്‍ വഴങ്ങാത്തതിനാലാണ് ഇത്തരം ആരോപണങ്ങളുമായി ഒരു യുവതി തന്നെ രംഗത്തെത്തിയത് എന്നായിരുന്നു ഗൊഗോയുടെ വാദം.

Top