ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവൃത്തി ദിനം

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയിയുടെ അവസാന പ്രവൃത്തി ദിനമാണ് ഇന്ന്. ഞായറാഴ്ച അദ്ദേഹം വിരമിക്കും. ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയ്.

ഔദ്യോഗിക ജീവിതത്തിലെ അവസാന പത്ത് നാളുകളില്‍ പല നിര്‍ണായക വിധികളും പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന കേസുകളിലാണ് അദ്ദേഹം വിധി പറഞ്ഞത്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് യാത്രയയപ്പ് നല്‍കും. ശരദ് അരവിന്ദ് ബോബ്ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുക

ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദീപക് മിശ്ര വിരമിച്ചത്. ഗൊഗോയ് പടിയിറങ്ങുന്നതും ശബരിമല കേസില്‍ വിധി പറഞ്ഞുകൊണ്ടുതന്നെ. അസമുകാരനായ ഗൊഗോയ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. അസമിലെ ദിബ്രുഗഡിലായിരുന്നു ജനനം.

രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട അസം ദേശീയ പൗരത്വ രജിസ്റ്ററിനെ രഞ്ജന്‍ ഗെഗോയ് പിന്തുണച്ചതും വിവാദമായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കുമെന്നായിരുന്നു രഞ്ജന്‍ ഗെഗോയ് പറഞ്ഞത്. കാര്യങ്ങള്‍ വ്യക്തമായ രീതിയില്‍ മനസിലാക്കണം. 19 ലക്ഷമാണോ 40 ലക്ഷമാണോ എന്നതല്ല വിഷയം. ഇത് ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട രേഖയാണെന്ന് മനസിലാക്കണമെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞിരുന്നു.

Top