സുപ്രിം കോടതിയില്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കുന്നതിന് റോസ്റ്റര്‍ സംവിധാനം

ന്യൂഡല്‍ഹി : സുപ്രിം കോടതിയില്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കുന്നതിന് ഇനിമുതല്‍ റോസ്റ്റര്‍ സംവിധാനം. ഫെബ്രുവരി അഞ്ച് മുതല്‍ റോസ്റ്റര്‍ പ്രകാരമായിരിക്കും ജഡ്ജിമാര്‍ക്ക് കേസുകള്‍ അനുവദിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് റോസ്റ്റര്‍ സംവിധാനത്തിന് രൂപം നല്‍യിരിക്കുന്നത്.

ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം വേണമെന്നതായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പ്രധാന ആവശ്യം.

പൊതു താത്പര്യ ഹര്‍ജികള്‍, സാമൂഹ്യ നീതി വിഷയങ്ങള്‍, ഭരണഘടനാ പദവികളില്‍ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് പരിഗണിക്കും. തൊഴില്‍, നഷ്ടപരിഹാരം, ക്രിമിനല്‍, ഭൂ കേസുകള്‍ എന്നിവ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് പരിഗണിക്കും.

ആദായനികുതി, കോടതിയലക്ഷ്യം, വ്യക്തിനിയമ കേസുകള്‍ എന്നിവ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ചാവും പരിഗണിക്കുക. സാമൂഹ്യനീതി, പരിസ്ഥിതി, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ ജസ്റ്റിസ് മദന്‍ ലോകുറിന്റെ ബെഞ്ചിനാവും വിടുക.

കുടുംബ നിയമം, സര്‍വീസ് വിഷയങ്ങള്‍, മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബെഞ്ചും ക്രിമിനല്‍ വിഷയങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചും പരിഗണിക്കും.

Top