പീഡനാരോപണം ബ്ലാക്ക്മെയില്‍ തന്ത്രം; പരാതി നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി; മുന്‍ കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണ പരാതി നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പദവിയെ ദുര്‍ബലപ്പെടുത്താനാണ് ഇത്തരത്തിലൊരു നടപടി, ജീവനക്കാരി രണ്ട് കേസുകളില്‍ പ്രതിയാണെന്നും രഞ്ജന്‍ ഗോഗൊയ് പ്രതികരിച്ചു.

ജീവനക്കാരി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഒരു മാധ്യമത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് മാധ്യമങ്ങള്‍ തന്നെ സമീപിച്ചിരുന്നു. താന്‍ ജീവനക്കാരോടെല്ലാം മാന്യമായിട്ടാണ് പെരുമാറുന്നത്. ഇത് ബ്ലാക്‌മെയില്‍ തന്ത്രമാണ്. സാമ്പത്തികമായി ചിലര്‍ തന്നെ സമീപിച്ചിരുന്നു. ഇതിലൊന്നും താന്‍ പതറില്ല. നിയമവ്യവസ്ഥ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പക്ഷപാതമില്ലാതെ സ്ഥാനത്ത് തുടുരുമെന്നും ഗൊഗോയ് പ്രതികരിച്ചു. ഈ വിഷയത്തില്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രഞ്ജന്‍ ഗോഗൊയ് പറഞ്ഞു.

വിഷയത്തില്‍ സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിങ് വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അടിയന്തര സിറ്റിങില്‍ പരാതിക്കാരിയുടെ ഹര്‍ജി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരണാണ് സിറ്റിങ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെ പിന്തുണച്ചുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സോളിസിറ്റര്‍ ജനറലും, അറ്റോര്‍ണി ജനറലും ചൂണ്ടിക്കാട്ടി.

Top