മന്ത്രി ജി.സുധാകരന്റെ ‘പൂ​ത​ന’ പ​രാ​മ​ര്‍​ശം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ മന്ത്രി ജി.സുധാകരന്‍ ‘പൂതന’ എന്ന് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. ആലപ്പുഴ ജില്ലാ കളക്ടറോടും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോടുമാണ് മീണ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

ജി.സുധാകരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു മന്ത്രി സുധാകരന്റെ വാക്കുകള്‍.

സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയതോട് വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു.

മന്ത്രി ജി സുധാകരന്റെ ‘പൂതന’ പ്രയോഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള ‘പൂതന’ പ്രയോഗം സി പി എമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്ന് സുധീരന്‍ പറഞ്ഞു.

അതേസമയം ഷാനിമോള്‍ സഹോദരിയെ പോലെയാണെന്ന വിശദീകരണവുമായി ജി സുധാകരന്‍ രംഗത്തെത്തി. 35 ലേറെ വര്‍ഷമായി ഉള്ള ബന്ധമാണ്. കോണ്‍ഗ്രസുകാര്‍ അവരെ തോല്‍പ്പിക്കാനായി താന്‍ പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നാണ് ജി സുധാകരന്‍ പറഞ്ഞിരുന്നത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.

Top