ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി; ഇടക്കാല ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ന്യൂഡല്‍ഹി:ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി പി.ചിദംബരത്തിന്റെ റിമാന്‍ഡ് നീട്ടി. ചിദംബരത്തെ ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐക്ക് പ്രത്യേക കോടതി അനുമതി നല്‍കി. കേസില്‍ ചിദംബരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കാനും സിബിഐ പ്രത്യേക കോടതി തീരുമാനിച്ചിട്ടുണ്ട്

ഡല്‍ഹി റോസ് അവന്യൂവിലെ വിചാരണ കോടതിയാണ് വിധി പറയുക. നാളെ 3:30വരെ വാദം കേള്‍ക്കുമെന്ന് വിചാരണ കോടതി പറഞ്ഞു.

അതേസമയം കസ്റ്റഡി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വെള്ളിയാഴ്ചക്കകം വിശദീകരണം നല്‍കാനാന്‍ സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചു. അതുവരെ ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 5-നാണ് വിധി പറയുക. അതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് ഹാജരാക്കിയ റോസ് അവന്യു കോടതി നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Top