മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന് ;ചിദംബരത്തിന് നിര്‍ണ്ണായക ദിനം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണ്ണായക ദിനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും.രാവിലെ 10.30ന് ജസ്റ്റിസ് ആര്‍.ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിറക്കുന്നത്. സി.ബി.ഐയുടെ അറസ്റ്റും കസ്റ്റഡി റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇതേ ബെഞ്ച് വാദം കേള്‍ക്കും.ഉച്ചക്ക് ശേഷം 2 മണിക്കാണ് കേസ് പരിഗണിക്കുക. ഇതോടൊപ്പം ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയും സിബിഐ കോടതി ഉച്ചക്ക് ശേഷം മൂന്നര മണിയോടെ പരിഗണിക്കും.

രണ്ടാഴ്ചയായി സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന പി.ചിദംബരത്തിന് ഇന്ന് നിര്‍ണ്ണായക ദിനം തന്നെയാണ്. സുപ്രീംകോടതിയും ഡല്‍ഹി റോസ് അവന്യൂ കോടതിയും പുറപ്പെടുവിക്കുന്ന രണ്ട് ഉത്തരവുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ തന്നെ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഇറക്കിയ ഉത്തരവ്. ജാമ്യം തള്ളുകയാണെങ്കില്‍ ചിദംബരത്തെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്നും നിര്‍ദ്ദേശിച്ചു. അതിനെ സിബിഐ ചോദ്യം ചെയ്തതോടെയാണ് കേസ് ഇന്ന് പരിഗണിക്കാന്‍ തീരുമാനിച്ചത്.

ജാമ്യം തള്ളിയാല്‍ കേസില്‍ ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന അറസ്റ്റ് സംരക്ഷണം അവസാനിക്കും. ഐ.എന്‍.എക്‌സ് മീഡിയ കേസിന് പിന്നാലെ മറ്റൊരു അഴിമതിക്കേസിലും ചിദംബരം അറസ്റ്റിലാകും. ഒപ്പം മകന്‍ കാര്‍ത്തി ചിദംബരവും.

അതേസമയം, കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഡല്‍ഹി കോടതി സെപ്റ്റംബര്‍ 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തെ റിമാന്‍ഡായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 9 ദിവസത്തേക്കാണ് പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാന്‍ഡ് ചെയ്തിരുന്നത്.

Top