കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് ;പക്ഷേ ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുത്തിട്ടില്ല

ന്യൂഡല്‍ഹി യുപിഎ കാലത്തും കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ സൈനികനും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയില്‍ നൂറുകണക്കിന് ചതുരശ്ര കിലോ മീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മന്‍മോഹന്‍ സിങ്ങെന്ന ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരത്തിന്റെ മറുപടി.

‘2010-നും 2013-നുമിടെ ചൈന നടത്തിയ അറുനൂറോളം കടന്നുകയറ്റങ്ങള്‍ സംബന്ധിച്ച് മന്‍മോഹന്‍ സിങ് വിശദീകരിക്കണമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ, കടന്നുകയറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു തുണ്ട് ഭൂമി ചൈന കൈവശപ്പെടുത്തിയിട്ടില്ല. സംഘര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ സൈനികനും ജീവന്‍ നഷ്ടമായിട്ടില്ല.’ ചിദംബരം അറിയിച്ചു.

2015 മുതലുള്ള 2264 കടന്നുകയറ്റം സംബന്ധിച്ച് നിലവിലെ പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ നഡ്ഡ ആവശ്യപ്പെടുക. പക്ഷേ അതിന് അദ്ദേഹത്തിന് ധൈര്യമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ചിദംബരം പരിഹസിച്ചു.

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റവും ഇന്ത്യന്‍ പ്രദേശത്തെ അധിനിവേശവും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.

Top