ലിസ്റ്റ് ചെയ്യാത്ത കേസില്‍ വിധി പറഞ്ഞ് ജസ്റ്റീസ് രമണ; ആരോപണവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രമണയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ കേള്‍ക്കും എന്ന് പറഞ്ഞാണ് ജസ്റ്റിസ് രമണ ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പി.ചിദംബരത്തിന്റെ അപേക്ഷ തള്ളിയത്. എന്നാല്‍ ജസ്റ്റിസ് രമണ ലിസ്റ്റ് ചെയ്യാത്ത മറ്റൊരു കേസ് നാല് ദിവസം മുമ്പ് പരിഗണനയ്ക്ക് എടുക്കുകയും വിധി പറയുകയും ചെയ്തു. ഇതിനെതിരെയാണ് കപില്‍ സിബല്‍ രംഗത്ത് വന്നത്.

അഭിഭാedit.phpഷക സമൂഹത്തിനും പൗരന്മാര്‍ക്കും ആശങ്കയുണ്ടാക്കുന്ന നടപടിയാണ് ജസ്റ്റിസ് രമണയുടേത്. ഹര്‍ജി പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് കേള്‍ക്കേണ്ട ജഡ്ജി അതിന് പകരം ചീഫ് ജസ്റ്റിസിന് കേസ് ഫയല്‍ മാറ്റി. ഹര്‍ജി നല്‍കാനുള്ള നിയമപരമായ അവകാശം പൗരനുണ്ട്. അത് കേള്‍ക്കണം എന്നാണ് ആവശ്യപ്പെട്ടത്. പൗരന്റെ ഹര്‍ജി കേള്‍ക്കാന്‍ പോലും പാടില്ലെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

ആഗസ്റ്റ് 16നാണ് ഭൂഷണ്‍ സ്റ്റീലിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായ നിതിന്‍ ജോഹരിയുടെ ലിസ്റ്റ് ചെയ്യാത്ത കേസ് പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തത്.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഫയല്‍ ചെയ്ത കേസ് അന്ന് ലിസ്റ്റ് ചെയ്തിരുന്നില്ല. എന്നിട്ടും സോളിസിറ്റര്‍ ജനറല്‍ ശ്രദ്ധയില്‍പെടുത്തിയത് പ്രകാരം പരിഗണിച്ച് വിധി പറഞ്ഞു. നിതിന്‍ ജോഹരി വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സ്റ്റേ നല്‍കുകയായിരുന്നു.

ബുധനാഴ്ച ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ഇക്കാര്യം ജഡ്ജിയെ ഓര്‍മ്മിക്കുകയും ചെയ്തു. ഇതേ മാതൃകയില്‍ ചിദംബരത്തിന്റെ അപേക്ഷയും കേള്‍ക്കണമെന്നാണ് സിബല്‍ വാദിച്ചത്. എന്നാല്‍ ജഡ്ജി അത് നിരസിച്ചു. അത് വ്യത്യസ്തമായ കേസായിരുന്നുവെന്നും കുറ്റാരോപിതന്‍ വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുന്നതിനാലാണ് അങ്ങനെ പരിഗണിച്ചത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി.

Top