ഛേത്രിക്ക് ഗോള്‍; ആദ്യപാദ സെമിയില്‍ മുംബൈക്കെതിരെ ബെംഗളൂരുവിന് ജയം

മുംബൈ: ഐഎസ്എല്‍ 9-ാം സീസണിന്റെ ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ മുംബൈ സിറ്റി എഫ്സിയെ അവരുടെ ​ഗ്രൗണ്ടില്‍ 0-1ന് തകർത്ത് ബെംഗളൂരു എഫ്സി. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയില്‍ ബെംഗളൂരുവിന് നിർണായ ലീഡ് സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. റോഷന്‍ സിംഗിന്റേതായിരുന്നു ഗോള്‍. സീസണില്‍ ബെംഗളൂരുവിന്റെ തുടർച്ചയായ പത്താം വിജയമാണിത്.

ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് ഇരു ടീമുകളും കളത്തിലെത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോള്‍ബാറിന് കീഴെ ഗുർപ്രീത് സിംഗ് സന്ധു എത്തിയപ്പോള്‍ അലക്സാണ്ടർ ജൊവാനോവിച്ച്, സന്ദേശ് ജിങ്കാന്‍, പ്രബീർ ദാസ്, റോഷന്‍ സിംഗ്, ബ്രൂണോ റാമിറസ്, സുരേഷ് സിംഗ് വാങ്ജം, ഹാവി ഹെർണാണ്ടസ്, രോഹിത് കുമാർ, റോയ് കൃഷ്ണ, ശിവശക്തി നാരായനന്‍ എന്നിവരായിരുന്നു സ്റ്റാർട്ടിംഗ് ഇലവനില്‍. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ ഗോള്‍ നേടിയ സുനില്‍ ഛേത്രിയെ പകരക്കാരുടെ നിരയിലാണ് ഉള്‍പ്പെടുത്തിയത്. മറുവശത്ത് രാഹുല്‍ ഭേക്കേ, മൌത്താദ ഫാള്‍, മെഹ്താബ് സിംഗ്, വിഗ്നേഷ് ദക്ഷിണാമൂർത്തി, ലാലെങ്മാവിയ, അഹമ്മദ് ജാവൂ, ഗ്രെഗ് സ്റ്റുവർട്ട്, ലാലിയന്‍സ്വാല ചാങ്തെ, യോർഗെ പെരേര ഡയസ്, ബിപിന്‍ സിംഗ് എന്നിവരും ഗോള്‍വല കാക്കാന്‍ ഫുർബയുമായിരുന്നു.

അതിശക്തമായ താരങ്ങള്‍ ഇറങ്ങിയിട്ടും സ്വന്തം കാണികളെ സന്തോഷിപ്പിക്കാന്‍ മുംബൈ സിറ്റി എഫ്സിക്കായില്ല. ഇതിനിടെയാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും ബിഎഫ്സിക്കായി സുനില്‍ ഛേത്രി സ്കോർ ചെയ്തത്.

Top