ഛേത്രിയുടെ ഇരട്ടഗോളില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ദോഹ: ലോകകപ്പ്, ഏഷ്യന്‍ കപ്പ് സംയുക്ത യോഗ്യതാ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടി ടീം ഇന്ത്യ. ദോഹയിലുള്ള ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളിനാണ് ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടി.

മത്സരത്തിന്റെ 79ാം മിനുറ്റിലും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുറ്റിലുമാണ് ചേത്രി ഗോള്‍ നേടിയത്. മത്സരം ജയിച്ചതോടെ ഏഷ്യന്‍ കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് കടക്കാനുള്ള പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ ഇന്ത്യക്കായി. ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു ടീമിനെയാണ് പരിശീലകനായ ഇഗോര്‍ സ്റ്റീമാച്ച് ഇറക്കിയത്. മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വച്ചാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്.

രണ്ടാം പകുതിയില്‍ ആക്രമണം ഒന്നും കൂടി ശക്തിപ്പെടുത്തി ഇന്ത്യന്‍ പരിശീലകന്‍ ആഷിഖ് കുരുണിയനേയും യാസിറിനെയും ലിസ്റ്റണെയും കളത്തില്‍ ഇറക്കി. ഈ വിജയത്തോടെ ഇന്ത്യ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമത് എത്തി.

വിജയം നേടാനാവാതെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യ ഇന്ന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ജയം നേടുന്നത്. അവസാന മത്സരത്തില്‍ ഇനി അഫ്ഗാനെയാണ് ഇന്ത്യ നേരിടേണ്ടത്. അതില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടാന്‍ കഴിയും. ജൂണ്‍ 15നാണ് ഇന്ത്യ അഫ്ഗാനിസ്ഥാന്‍ മത്സരം.

Top