മെസിയെ മറികടന്ന് ഛേത്രി ; നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക് . .

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇരട്ട ഗോള്‍ നേടി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ചരിത്രനേട്ടത്തില്‍.

അന്താരാഷ്ട്ര തലത്തില്‍ സജീവമായി കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുകയും ചെയ്യുന്ന രണ്ടാമത്തെ താരമായി സുനില്‍ ഛേത്രി. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ പിന്‍തള്ളിയാണ് ഛേത്രി ഈ നേട്ടം സ്വന്തമാക്കിയത്.

ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റില്‍ തായ്ലാന്റിനെതിരെ തന്റെ അറുപത്തിയാറാം ഗോള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഛേത്രി ചരിത്ര നേട്ടത്തിന് അര്‍ഹനായത്.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ളത്. തായ്ലന്‍ഡിനെതിരെ രണ്ട് തവണ വലകുലുക്കിയതോടെ ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67ലെത്തി. ലിയോണല്‍ മെസി 65 ഗോളുകളാണ് നേടിയിട്ടുള്ളത്. പട്ടികയില്‍ മുന്നിലുള്ള റൊണാള്‍ഡോയ്ക്ക് 85 ഗോളാണുള്ളത്.

ഛേത്രി മിന്നലായ മത്സരത്തില്‍ തായ്ലന്‍ഡിനെ 4-1ന് ഇന്ത്യ പരാജയപ്പെടുത്തി. അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയുമാണ് മറ്റ് ഗോള്‍വീരന്‍മാര്‍. തേരാസിലിന്റെ വകയായിരുന്നു തായ്ലന്‍ഡിന്റെ ഏക മറുപടി. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച വിജയമാണിത്.

Top