Chhattisgarh: Two CRPF jawans injured in separate Maoist violence

റായ്പൂര്‍: ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് ബാധിത ജില്ലയായ ദാന്‍ദേവാഡയില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുവകോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബദേഗുരാ വനത്തില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് ഒരു ജവാന് പരിക്കേറ്റതെന്ന് ദാന്‍ദേവാഡ എസ്.പി കമല്‍ലോചന്‍ കശ്യപ് പറഞ്ഞു. സി.ആര്‍.പി.എഫിന്റെയും കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്റെയും സംഘം കുവകോണ്ട വനത്തില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു.

സംഘം ബദേഗുരയില്‍ എത്തിയപ്പോള്‍ ഒരു ജവാന്‍ ഐ.ഇ.ഡി കണക്ഷനില്‍ ചവിട്ടുകയായിരുന്നു. അതേ സംഘത്തിലുണ്ടായിരുന്ന മറ്റൊരു ജവാന് ചിക്ക്പല്‍ വനത്തില്‍ വച്ച് മാവോയിസ്റ്റുകള്‍ എയ്ത അമ്പേറ്റാണ് പരിക്കേറ്റതെന്നും എസ്.പി അറിയിച്ചു. സി.ആര്‍.പി.എഫിന്റെയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും ജില്ലാ സേനയുടെയും സംഘം റായ്പൂരില്‍ നിന്നും 450 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കേത്കല്യാണ്‍ മേലയില്‍ മാവോയിസ്റ്റ് വിരുദ്ധ നീക്കം തുടങ്ങിയിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ കുഴിച്ചിട്ടിരുന്ന ഐ.ഇ,ഡി സുരക്ഷാസേന പുറത്തെടുത്തിരുന്നു. അതിനുശേഷം തിരിച്ചു പോകുന്നതിനിടയിലാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റത്. സുരക്ഷസേന ഉടന്‍ തന്നെ തിരിച്ചടിച്ചു.പരിക്കേറ്റവരെ ചികിത്സയ്ക്കായി ദാന്‍ദേവാഡയിലേക്ക് മാറ്റിയിട്ടുണ്ട്.

Top