ബാങ്ക് ജീവനക്കാരുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീഡിയോ വൈറല്‍

റായ്പൂർ: കർഷകരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തെന്നാരോപിച്ച് ബാങ്ക് ജീവനക്കാരുടെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ. ഛത്തീസ്ഗഡിലെ കോൺഗ്രസ് എംഎൽഎ ബൃഹസ്പത് സിങാണ് ജീവനക്കാരെ ആളുകൾ നോക്കിനിൽക്കെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

എംഎൽഎക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഞ്ച് ജില്ലകൾ ഉൾപ്പെടുന്ന സർഗുജ ഡിവിഷന് കീഴിലുള്ള സഹകരണ ബാങ്കുകളിലെ ജീവനക്കാർ രണ്ട് ദിവസത്തെ കൂട്ട അവധി പ്രഖ്യാപിച്ചു.

കർഷകരുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയെന്നും അവർക്ക് പണം നൽകുന്നില്ലെന്നും എംഎൽഎ ബൃഹസ്പത് സിങ് പറഞ്ഞു. എംഎൽഎയായ തന്നോടുപോലും ഇവർ മോശമായാണ് പെരുമാറിയത്. ബാങ്കിൽ പണം പിൻവലിക്കാനെത്തിയ കർഷകർക്ക് പണം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കർഷകരോടുള്ള ഇത്തരം പെരുമാറ്റദൂഷ്യം വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിങിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് ബാങ്ക് ജീവനക്കാർ മെമ്മോറാണ്ടം നൽകി. നൂറുകണക്കിന് കർഷകരുടെ മുന്നിൽ വച്ചായിരുന്നു ബാങ്കിലെ ക്ലാർക്ക് രാജേഷ് പാലിനെയും പ്യൂൺ അരവിന്ദ് സിങിനെയും എംഎൽഎ മുഖത്തടിക്കുകയും അപമാനിക്കുകയും ചെയ്തത്.

Top