chevrolet cars to receive a price hike of almost rs 30000 from 2017

പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ വാഹന വില വര്‍ധിപ്പിക്കുമെന്നു യു എസ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും പ്രഖ്യാപിച്ചു.

ഉല്‍പ്പാദന ചെലവേറിയതും വിദേശ നാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും പരിഗണിച്ച് 30,000 രൂപയുടെ വരെ വര്‍ധനയാണു ജനുവരിയില്‍ പ്രാബല്യത്തിലെത്തുകയെന്നും കമ്പനി വ്യക്തമാക്കി.

മോഡല്‍ അടിസ്ഥാനമാക്കി ഒരു ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വിലവര്‍ധനയാണു ജനുവരി ഒന്നിനു നടപ്പാവുകയെന്നു ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ്(സെയില്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്) ഹര്‍ദീപ് ബ്രാര്‍ അറിയിച്ചു.

ഇതോടെ മിക്ക മോഡലുകളുടെ വില 30,000 രൂപ വരെ ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചു.

വര്‍ഷം തോറും അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതിനാല്‍ വാഹനവിലയിലും വര്‍ധന അനിവാര്യമാണ്. ഇപ്പോഴാവട്ടെ വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായതാണു വില വര്‍ധന പ്രഖ്യാപനം വൈകാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വാഹന നിര്‍മാണത്തിനും ഭരണപരമായ ചെലവുകളും പരിഗണിച്ച് വില നിര്‍ണയിക്കുന്ന രീതിയാണു ജി എമ്മും പിന്തുടരുന്നതെന്നും ബ്രാര്‍ അറിയിച്ചു.

വിദേശ നാണയ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ചാഞ്ചാട്ടവും നാണ്യപ്പെരുപ്പ നിരക്കിലെ വര്‍ധനയുമൊക്കെയാണ് കമ്പനികളെ സമ്മര്‍ദത്തിലാക്കുന്നത്.

ഇതോടൊപ്പം അസംസ്‌കൃത വസ്തു വിലയും ഗണ്യമായി ഉയര്‍ന്നതോടെ വാഹന വില കൂട്ടാതെ മറ്റു മാര്‍ഗമില്ലാത്ത സ്ഥിതിയാണെന്ന് ബ്രാര്‍ വിശദീകരിക്കുന്നു.

ഡല്‍ഹി ഷോറൂമില്‍ 3.95 ലക്ഷം രൂപ വിലമതിക്കുന്ന ഹാച്ച്ബാക്കായ ‘ബീറ്റ്’ മുതല്‍ 24.37 ലക്ഷം രൂപ വിലയുള്ള ‘ട്രെയ്ല്‍ ബ്ലേസര്‍’ എസ് യു വി വരെ നീളുന്നതാണു ജി എമ്മിന്റെ ഇന്ത്യയിലെ മോഡല്‍ ശ്രേണി.

പുതവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്നു രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഹ്യുണ്ടേയ് മോട്ടോര്‍, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, നിസ്സാന്‍, റെനോ, മെഴ്‌സീഡിസ് ബെന്‍സ്, ഹോണ്ട കാഴ്‌സ് തുടങ്ങിയ നിര്‍മാതാക്കളെല്ലാ വില വര്‍ധന നടപ്പാക്കുമെന്നു വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ കാര്‍ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇതു വരെ വില വര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

Top