ദുലീപ് ട്രോഫി കളിച്ച് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ശ്രമവുമായി ചേതേശ്വർ പൂജാര

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തലമുറ മാറ്റം തുടങ്ങി എന്ന് വിലയിരുത്തുമ്പോഴും ചേതേശ്വർ പൂജാരയുടെ വഴി അടഞ്ഞിട്ടില്ല എന്ന് സൂചന. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റുകളില്‍ നിന്ന് പുറത്തായെങ്കിലും ടീമിലേക്ക് മടങ്ങിവരാന്‍ പൂജാര ദുലീപ് ട്രോഫി കളിക്കും എന്നാണ് ഇന്‍സൈഡ് സ്പോർടിന്റെ റിപ്പോർട്ട്. ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിനായാണ് താരം കളിക്കുക. ഇന്ത്യന്‍ ആഭ്യന്തര സീസണ്‍ തുടങ്ങുന്നത് ദുലീപ് ട്രോഫിയിലൂടെയാണ്. ചേതേശ്വർ പൂജാരയ്ക്ക് പുറമെ സൂര്യകുമാർ യാദവും വെസ്റ്റ് സോണിനായി ടൂർണമെന്റില്‍ കളിക്കും.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നലെയാണ് ചേതേശ്വർ പൂജാരയെയും സൂര്യകുമാർ യാദവിനേയും വെസ്റ്റ് സോണ്‍ സ്ക്വാഡില്‍ ചേർത്തത്. മുപ്പത്തിയഞ്ചുകാരനായ പൂജാരയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തിളങ്ങാനാവാതെ വന്നതോടെയാണ് ബിസിസിഐ പുതിയ താരങ്ങളിലേക്ക് തിരിഞ്ഞത്. ഓസീസിനെതിരെ ഓവലിലെ ഫൈനലില്‍ 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്കോർ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 21-23 സീസണില്‍ ഒരു സെഞ്ചുറി മാത്രമേ താരത്തിനുണ്ടായിരുന്നുള്ളൂ. ടെസ്റ്റ് ടീം യുവതാരങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു എന്ന് വ്യക്തമായ സൂചന നല്‍കിയാണ് സെലക്ടർമാർ സ്ക്വാഡ് പ്രഖ്യാപിച്ചത്.

ഇതോടെ പൂജാരയുടെ ടെസ്റ്റ് കരിയറിന് വിരാമമായി എന്ന് കരുതാത്തവരുമുണ്ട്. 2021ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ടീമില്‍ നിന്ന് പുറത്തായ പൂജാര ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു. സമാനമായി പൂജാരയ്ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നുകിടക്കും എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കിയിരിക്കുന്ന സൂചന. ‘സെലക്ടർമാർക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും പോലുള്ള യുവതാരങ്ങളെ പരീക്ഷിക്കണമെന്നുണ്ട്. അതിനാലാണ് പൂജാരയെ വിന്‍ഡീസ് പര്യടനത്തിലേക്ക് പരിഗണിക്കാതിരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്തിയാല്‍ പൂജാരയെ പരിഗണിക്കും, ഇക്കാര്യം താരത്തെ അറിയിച്ചിട്ടുണ്ട്’ എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയോട് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയത്.

മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ചേതേശ്വർ പൂജാര കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നേടിയത് രണ്ട് ടെസ്റ്റ് സെഞ്ചുറി മാത്രമാണ്. പൂജാര പുറത്തായതോടെ വിന്‍ഡീസിനെതിരെ മൂന്നാം നമ്പറില്‍ യശസ്വി ജയ്‌സ്വാളോ റുതുരാജ് ഗെയ്‌ക്‌വാദോ അരങ്ങേറുമെന്ന് ഉറപ്പായി. ഇവരില്‍ ഒരാളെ ഇന്ത്യന്‍ മാനേജ്മെന്റ് പൂജാരയുടെ പിന്‍ഗാമിയായി വളർത്തിയെടുക്കും എന്ന് കരുതുന്നു. വിന്‍ഡീസ് പര്യടനത്തിന് ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മാത്രമാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളൂ എന്നതിനാല്‍ മടങ്ങിവരവിന് പൂജാരയ്ക്ക് അതുവരെ കാത്തിരിക്കണം.

Top