പുനെ, ബെംഗളൂരു നഗരങ്ങളില്‍ ചേതക്കിന്റെ ബുക്കിംഗ് വീണ്ടും ആരംഭിച്ചു

പുനെ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ നിര്‍ത്തിവച്ച ഐക്കണിക്ക് ഇരുചക്ര വാഹന മോഡലായ ചേതക്കിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ച ബുക്കിംഗാണ് കമ്പനി വീണ്ടും തുടങ്ങുന്നതെന്നും 2000 രൂപയടച്ച് ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 13ന് ബുക്കിങ്ങ് ആരംഭിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ വാഹനം വിറ്റുത്തീരുകയായിരുന്നു. മൈസൂര്‍, ഔറംഗാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങലില്‍ ബുക്കിംഗ് തുടങ്ങിയിരുന്നു.

രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍.

ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തില്‍ 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്റെ ആദ്യാവതരണം. അര്‍ബന്‍, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

 

Top