ഗാനമേളക്കിടെ നെഞ്ചുവേദന;ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ആലപ്പുഴ : ഗാനമേളകളിലെ സജീവസാന്നിധ്യമായിരുന്ന ഗായകന്‍ ഇടവ ബഷീര്‍ (78) അന്തരിച്ചു.പാതിരപ്പള്ളിയില്‍ ആലപ്പുഴ ബ്ലൂഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ആഘോഷപരിപാടികള്‍ നിര്‍ത്തിവച്ചു.

തിരുവനന്തപുരം ഇടവയിലാണ് ജനനം.1972 ല്‍ ഗാനഭൂഷണം പാസായി.ഇന്ത്യക്കകത്തും പുറത്തും ഗാനമേളകള്‍ അവതരിപ്പിച്ചു. 1978 ല്‍ ‘രഘുവംശം’എന്ന ചിത്രത്തില്‍ എസ്.ജാനകിയ്‌ക്കൊപ്പം ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തുന്നത്.പിന്നീട് ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’എന്ന ചിത്രത്തില്‍ വാണിയറാമിനൊപ്പം പാടിയ ഗാനം ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.പിന്നീടേറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകള്‍ക്കൊപ്പം കൂടുകയായിരുന്നു.

 

 

 

Top