സർക്കാറിന്​ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ ​ ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സർക്കാറിന്​ ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ.എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ട്രസ്റ്റ് നല്‍കിയ ഹരജി പരിഗണിച്ചാണ് സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്. ജൂലൈ 21ന് കേസ് വീണ്ടും പരിഗണിക്കും. ഇതോടെ ജൂലൈ 21 വരെ സംസ്ഥാന സര്‍ക്കാറിന് ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കാനാവില്ല.

എസ്റ്റേറ്റ് ഭൂമി സ്വന്തമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഭൂമി സ്വന്തമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതെന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി പാലാ സബ് കോടതിയിലുണ്ട്. ഇതില്‍ തീര്‍പ്പാകും മുമ്പേ തങ്ങളുടെ ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി ഏറ്റെടുക്കുന്നത് നിയമപരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.

എസ്റ്റേറ്റിലെ 2263.18 ഏക്കര്‍ ഏറ്റെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതാണ്.ഏറ്റെടുക്കല്‍ നടപടിക്ക് കോട്ടയം കലക്ടര്‍ക്ക് അനുവാദം നല്‍കി റവന്യൂ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ച് ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം.

Top