താഴാതെ ജലനിരപ്പ് ; നീരൊഴുക്ക് കൂട്ടി , നിലവില്‍ പുറത്തേക്കൊഴുക്കുന്നത് 750 ഘനമീറ്റര്‍ വെള്ളം

തൊടുപുഴ: ഇടുക്കിയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ചെറുതോണി ഡാമില്‍ നിന്നുള്ള നീരൊഴുക്ക് കൂട്ടി. സെക്കന്റില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേയ്ക്ക് ഒഴുക്കി വിടുന്നത്.

ഇടുക്കിയില്‍ കനത്ത മഴ തുടരുകയും നീരൊഴുക്ക് കൂടുന്നതുമായ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നു വിടുന്നത്. ഇപ്പോഴത്തെ ജലനിരപ്പ് 2401.76 അടിയാണ്.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

Top