മഴയും നീരൊഴുക്കും കുറഞ്ഞു ; ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കില്ലെന്ന് സൂചന

ചെറുതോണി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടന്‍ ഉയര്‍ത്തില്ലെന്ന് സൂചന. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ഗണ്യമായി കുറഞ്ഞതോടെയാണ് ശനിയാഴ്ച വരെ അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയത്. അതിന് ശേഷം അത്തരം സാഹചര്യമുണ്ടായാല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ എന്നു തുറക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കുന്നതിനായി മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ഇന്നു 11ന് കലക്ടറേറ്റില്‍ യോഗം ചേരും. മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണിത്. ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ മന്ത്രി മണി ഇന്നു 10നു സന്ദര്‍ശിക്കും.

രാവിലെ എട്ടുമണിയുടെ റീഡിങ് അനുസരിച്ച് 2396.12 അടിയാണ് ജലനിരപ്പ്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുംതോറും അണക്കെട്ടിന്റെ വിസ്തൃതി കൂടുന്നതിനാല്‍ ഇനി അത്ര വേഗം ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ലെന്നും കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം കണക്കുകൂട്ടുന്നു.

Top