‘സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്’ കെവി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുതിര്‍ന്ന നേതാവ് കെ.വി.തോമസിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്കിയിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനം നാളെ അറിയിക്കാമെന്നുമാണ് കെ.വി തോമസ് പ്രതികരിച്ചത്. ഇതിന് പിന്നാലെ സിപിഎമ്മിനോട് അടുക്കരുതെന്ന് അടുത്തിടെ സിപിഎം വിട്ട ചെറിയാന്‍ ഫിലിപ്പ് കെവി തോമസിന് മുന്നറിയിപ്പ് നല്‍കി. സിപിമ്മിന്റെ പ്രണയ തട്ടിപ്പില്‍ ദയവായി കുടുങ്ങരുത്, പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല’- ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസവും ചെറിയാന്‍ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ലോക്‌സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്റെയും വോട്ടുവിഹിതത്തിന്റെയും മാനദണ്ഡപ്രകാരം സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സിപിഎം ഇപ്പോള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണ്. ദേശീയ കക്ഷിയായി പിടിച്ചു നില്‍ക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച. കോണ്‍ഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് മുഖ്യവിഷയം. സിപിഎമ്മിന്റെ കേരള ഘടകം മാത്രമാണ് ബിജെപിയോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നത്.

എകെജി പ്രതിപക്ഷ നേതാവായിരുന്ന ലോക്‌സഭയില്‍ സിപിഎം ഇപ്പോള്‍ പന്ത്രണ്ടാം കക്ഷിയാണ്. വോട്ടു വിഹിതം 10ല്‍ നിന്നും 1.75 ശതമാനമായി ഇടിഞ്ഞു. ലോക്‌സഭയില്‍ മൂന്ന് സീറ്റും വിവിധ നിയമസഭകളില്‍ 88 സീറ്റും മാത്രമാണ് ഇപ്പോഴുള്ളത്. ഈ സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസുമായും ഇതര കക്ഷികളുമായി സഖ്യമുണ്ടായിയാണ്. 2004 ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ് സിപിഎമ്മിന് ലോക്‌സഭയില്‍ 43 സീറ്റുകള്‍ ലഭിച്ചത്. കോണ്‍ഗ്രസ് ബന്ധം വിച്ഛേദിച്ചതോടെ സിപിഎം മിക്ക സംസ്ഥാനങ്ങളിലും വട്ടപൂജ്യമായെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

Top